Palakkad District Hospital to get a Major Facelift Soon with 6 Floor Building.
പാലക്കാട് ∙ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോഡിൽ (കിഫ്ബി) ഉൾപ്പെടുത്തി 127.15 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. 5 നിലകളിൽ ആശുപത്രി ബ്ലോക്ക് ഉൾപ്പെടുന്ന ആദ്യ ഘട്ട പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചു. ഒരു കെട്ടിട കോംപ്ലക്സിൽ തന്നെ എല്ലാ ചികിത്സയും ലഭ്യമാകുന്ന വിധത്തിലാണു പുതിയ ആശുപത്രി ബ്ലോക്ക് വിഭാവനം ചെയ്യുന്നത്. അത്യാധുനിക ചികിത്സാ ഉപകരണങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കും.
പുതിയ ആശുപത്രി ബ്ലോക്ക്: വിഭാവനം ചെയ്യുന്നത് ഇങ്ങനെ
ഗ്രൗണ്ട് ഫ്ലോറിൽ ഔട്ട് പേഷ്യന്റ് വിഭാഗം ഫാർമസി, ലബോറട്ടറി ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ ഒരുക്കും. ഒന്നാം നിലയിൽ ബാക്കി ഒപികളും 60 കിടക്കകൾ ഉൾപ്പെടുന്ന വാർഡും സജ്ജമാക്കും. രണ്ടാം നിലയിൽ 120 കിടക്കകൾ ഉൾക്കൊള്ളുന്ന വിശാല വാർഡ്. മൂന്നാം നിലയിൽ 60 കിടക്കൾ ഉള്ള സർജിക്കൽ വാർഡും 24 കിടക്കൾ വീതമുള്ള 2 തീവ്രപരിചരണ യൂണിറ്റുകളും (ഐസിയു) ഒരുക്കും. ശസ്ത്രക്രിയ നടത്തേണ്ട രോഗികളെയും ശസ്ത്രക്രിയകൾക്കു ശേഷമുള്ള രോഗികളെയും ശുശ്രൂഷിക്കുന്ന പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡാണു നാലാം നിലയിൽ സജ്ജമാക്കുക.
പുതിയ കെട്ടിടം
പൊളിച്ചുമാറ്റിയ പഴയ ടിബി വാർഡ് നിന്നിരുന്ന ഭാഗത്താണു പുതിയ ആശുപത്രി കോംപ്ലക്സ് നിർമിക്കുക. 9.2 ഏക്കർ വിസ്തൃതിയിലാണ് ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്നത്. നിലവിലെ കെട്ടിടങ്ങൾ ചിതറിക്കിടക്കുന്നതിനാൽ സ്ഥലം ഉണ്ടായിട്ടും അതൊന്നും വേണ്ട വിധത്തിൽ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. ഉള്ള കെട്ടിടങ്ങളിൽ ഭൂരിഭാഗവും കാലപ്പഴക്കത്തിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ വികസനത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിച്ചത്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരും ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും സ്ഥലം ജനപ്രതിനിധികളും സംയുക്തമായി പരിശ്രമിച്ചാണു പദ്ധതിക്ക് അംഗീകാരം നേടിയെടുത്തത്.